പഠിക്കുന്നത് അറിവ് നേടുക എന്നതിലുപരി തൊഴിൽ നേടുക എന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ സമൂഹം പോയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം വർധിച്ച് വരുന്ന തൊഴിലില്ലായ്മയാണ്. ഉയർന്ന ജോലിയും വരുമാനവും അതുപോലെയുള്ള മറ്റ് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി പല വിഷയങ്ങൾ പഠിച്ചിറങ്ങുന്ന മിക്ക കുട്ടികളും തൊഴിലില്ലാതെ കഷ്ടപ്പെടുന്നത് നമ്മൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. പിന്നീട് ഏതെങ്കിലും ജോലി കിട്ടിയാൽ മതിയെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറും. തുച്ഛമായ വരുമാനത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് യുവാക്കൾ നമുക്ക് ചുറ്റുമുണ്ട്. ജോലി ഉറപ്പാക്കുന്ന കോഴ്സുകളുടെ അപര്യാപ്തതയാണിതിന്റെ പ്രധാന കാരണം. സ്വന്തം കഴിവ് കൊണ്ട് ജോലി സമ്പാദിക്കുന്നവരുമുണ്ട് എങ്കിലും പഠിച്ചിറങ്ങുമ്പോൾ തന്നെ ഉയർന്ന ജോലിയും ആകർഷകമായ സാലറിയും ലഭിക്കുന്ന കോഴ്സുകൾ വളരെ കുറവാണ്.
Table of contents
ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ പ്രസക്തി
ഇങ്ങനെയുള്ള അവസരങ്ങളിലാണ് ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ പ്രസക്തി മനസ്സിലാക്കാനാവുന്നത്. എല്ലാ കുട്ടികളും എഞ്ചിനീയർമാരും ഡോക്ടർമാരുമാകാൻ പരക്കം പായുന്ന ഈ കാലത്ത് ചാർട്ടേർഡ് ആക്കൗണ്ടന്റ് എന്ന ഗ്ലാമർ പ്രൊഫെഷന്റെ പ്രിയവും സ്വീകാര്യതയും ഒട്ടും കുറവല്ല. സ്റ്റാർട്ടപ്പുകളും വൻകിട കമ്പനികളും ദിവസം തോറും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരുപാട് തൊഴിൽ സാധ്യതകളുള്ള കോഴ്സാണ് ചാർട്ടേർഡ് അക്കൗണ്ടൻസി. ഇന്ത്യയിൽ ഇപ്പോൾ ഒരുപാട് കമ്പനികൾ നിലവിലുണ്ടെങ്കിലും ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ എണ്ണം വളരെ കുറവാണ്. കമ്പനിയുടെ വരവ് ചിലവ് കണക്കുകൾ, ആസ്തി ബാധ്യതകൾ, ദേശീയ അന്തർദേശീയ നിയമ പരിരക്ഷകൾ തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകി സമർപ്പിക്കുകയും ചെയ്യേണ്ടത് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ജോലിയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ദിവസം തോറും സാധ്യതകളുടെയും സാലറിയുടെയും അളവ് കൂടി വരികയാണ്.
ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് വിദേശ രാജ്യങ്ങളിലിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലും വളരെയധികം ഡിമാൻഡ് ഉണ്ട്. അതുകൊണ്ട് തന്നെ 100 ശതമാനവും ഉയർന്ന ജോലി ഉറപ്പാക്കാവുന്ന മേഖലയാണിത്. ഇനി സ്വന്തമായി പ്രാക്റ്റീസ് ചെയ്ത് വരുമാനം കണ്ടെത്താനാണെങ്കിലും ഗവൺമെന്റ് സെക്ടറിൽ ഒരു ജോലിയാണ് വേണ്ടതെങ്കിൽ അങ്ങനെയും ചാർട്ടേർഡ് അക്കൗണ്ടന്റ് ആകുന്നതിലൂടെ സാധിക്കും.
ഉയർന്ന സാലറിയും സ്വീകാര്യതയും
കോഴ്സ് ഫീ വളരെ കുറവായിട്ടുകൂടി പഠിക്കുമ്പോൾ തന്നെ കാശ് ഇങ്ങോട്ട് സ്വന്തമാക്കാനാകുന്ന ചുരുക്കം ചില കോഴ്സുകളിലൊന്നാണ് CA . അഞ്ചു വര്ഷം കൊണ്ട് CA പൂർത്തിയാക്കി പഠിച്ചിറങ്ങുമ്പോൾ തന്നെ ആകർഷകമായ സാലറിയാണ് ചാർട്ടേർഡ് അക്കൗണ്ടന്റിന് ലഭിക്കുന്നത്. CA പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇന്റെർ പാസായാൽ തന്നെ 25000 മുതൽ 50000 രൂപ വരെ സാലറി ലഭിക്കുന്നു.
പഠിച്ച് പൂർത്തിയാകുമ്പോൾ ആദ്യം തന്നെ 75000 മുതൽ 1.5 ലക്ഷം രൂപയോളം സാലറി ലഭിക്കുന്നു. പിന്നീട് ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ എക്സ്പീരിയൻസ് കൂടും തോറും സാലറിയും ഡിമാൻഡും വർധിച്ചുകൊണ്ടേയിരിക്കുന്നു. എക്സ്പീരിയൻസ് കൊണ്ടും ചാർട്ടേർഡ് അക്കൗണ്ടൻസിയിലെ ചില ഏരിയയിലുള്ള കഴിവനുസരിച്ചും ആവറേജ് സാലറിയുടെ അളവ് കൂടുന്നു.
ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സ്ഥിര ജോലിയായി കണക്കാക്കപ്പെടുന്ന ഓഡിറ്റിംഗ് നടത്തുന്നതിന് ആവറേജ് സാലറിയായി ഇന്ത്യയിൽ കണകാക്കുന്നത് 7 ലക്ഷം മുതൽ 7.5 ലക്ഷം വരെയാണ്. ഏറ്റവും കൂടുതൽ സാലറി ബഡ്ജറ്റ് മാനേജർക്കാണ്. 9.5 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് അവരുടെ ആവറേജ് സാലറി. പിന്നീട് വരുന്ന സ്ട്രാറ്റജിക് അക്കൗണ്ടന്റിന് 8.9 ലക്ഷം മുതൽ 9 ലക്ഷം വരെയും. ഇങ്ങനെ വിവിധ ഏരിയ അനുസരിച്ച് അവരുടെ സാലറിയിലും വ്യത്യാസം വരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ 5 മുതൽ 10 വർഷം വരെയുള്ള എസ്പീരിയൻസിന്റെ മിനിമം ആവറേജ് സാലറി എന്ന് പറയുന്നത് 12 ലക്ഷം രൂപയാണ്. 20 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് 50 മുതൽ 70 ലക്ഷം വരെയും സാലറി ലഭ്യമാകുന്നു. ജോലി ചെയ്യുന്ന ഏരിയയും സ്ഥാപനവും സ്ഥലവും എക്സ്പീരിയൻസും എല്ലാം കൂടി കണക്കിലെടുത്താണ് സാലറി ലഭിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാലറി ചാർട്ടേർഡ് അക്കൗണ്ടന്റിന് നൽകുന്നത് ഐ സി ഐ സി ഐ ബാങ്കും പി ഡബ്ല്യൂ സിയുമാണ്. എത്ര കാലം വേണമെങ്കിലും ജോലി തുടരാമെന്ന് മാത്രമല്ല സമൂഹത്തിൽ നിന്ന് വളരെ ബഹുമാനം ലഭിക്കുന്നൊരു മേഖലകൂടിയാണ് ചാർട്ടേർഡ് അക്കൗണ്ടൻസി.
ആരാണ് ചാർട്ടേർഡ് അക്കൗണ്ടന്റ്?
ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമ്പോഴും മറ്റ് സാമ്പത്തികമായ കാര്യങ്ങളിലും പ്രധാന തീരുമാനമെടുക്കേണ്ടത് ചാർട്ടേർഡ് അക്കൗണ്ടന്റാണ്. ധനകാര്യം, ഓഡിറ്റ്, ടാക്സേഷൻ, ഇൻവെസ്റ്റ്മെന്റ് പ്ലാനിങ്, ഫിനാൻഷ്യൽ മാനേജ്മന്റ്, ബിസിനസ് ഉപദേശകൻ, പ്രൊജക്റ്റ് റിപ്പോർട് പ്രെപ്പറേഷൻ, ഇൻവെസ്റ്റ്മെന്റ് പ്ലാനിങ് ഇങ്ങനെ വിവിധ മേഖലകളിൽ ചാർട്ടേർഡ് അക്കൗണ്ടന്റിന് പ്രവർത്തിക്കാൻ കഴിയും.
ഒരു ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ ചാർട്ടേർഡ് അക്കൗണ്ട് പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ ..
- അക്കൗണ്ടിംഗ് ടീമിന്റെ ചുമതലകൾ നിരീക്ഷിക്കുക
- അക്കൗണ്ടിങ്ങിലെ സിസ്റ്റങ്ങളും പ്രക്രിയകളും നടപ്പിലാക്കുക
- ഇൻകം സ്റ്റേറ്റ്മെന്റുകൾ സമന്വയിപ്പിക്കുക
- പ്രതിമാസ സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുക
- പൊതു രെജിസ്റ്ററിന്റെ മാസ്റ്റർ ഡാറ്റകൾ നിയന്ത്രിക്കുക
- ഓൺലൈൻ ബാങ്കിങ് പേയ്മെന്റുകൾ അവലോകനം ചെയ്ത ശേഷം റിലീസ് ചെയ്യുക
- സംസ്ഥാന റവന്യൂ സെർവീസുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
- നിലവിലുള്ള അക്കൗണ്ടിങ്ങും റിപ്പോർട്ടിങ് സപ്പോർട്ടും നൽകുക
- സാമ്പത്തിക കാര്യങ്ങളെല്ലാം മാനേജ് ചെയ്യുക
- ചെലവുകളുടെ ബഡ്ജറ്റ് റിപ്പോർട്ട് തയ്യാറാക്കുക
ചാർട്ടേർഡ് അക്കൗണ്ടിംഗ് ജോലിയ്ക്ക് വേണ്ട യോഗ്യതകൾ
- ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയിരിക്കണം
- ടാക്സ് പ്രാക്റ്റീഷനിങ് മുഴുവനായും വഴങ്ങുന്നതാവണം
- കോർപ്പറേറ്റ് നികുതി റിട്ടേർണുകൾ സമർപ്പിക്കുന്നതിലെ പ്രാവീണ്യം
- സാമ്പത്തിക ഉപദേശം നൽകുന്നതിൽ പരിചയം
ഇന്ത്യയിലെ മികച്ച കമ്പനികൾ
ചാർട്ടേർഡ് അക്കൗണ്ടന്റായി മികച്ച കരിയർ സ്വപ്നം കാണുന്നവർക്ക് ഇന്ത്യയിൽ തന്നെ ജോയിൻ ചെയ്യാൻ സാധിക്കുന്ന നിരവധി കമ്പനികളുണ്ട്. അതിൽ ആദ്യത്തെ പൊസിഷനിൽ നില്ക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഫെഷണൽ സർവീസ് നെറ്റ് വർക്കുള്ള Deloitte ആണ്. 150 രാജ്യങ്ങളിൽ നിന്നായി 200,000 പ്രൊഫെഷണൽസ് ഉൾപ്പെടുന്ന കമ്പനി ഓഡിറ്റിംഗ്, ടാക്സ്, കൺസൾട്ടിങ് തുടങ്ങി നിരവധി സേവങ്ങൾ നൽകുന്നു. പിന്നീട് വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ പ്രൊഫെഷണൽ സർവീസ് നെറ്റ്വർക്ക് ആയ പി ഡബ്ല്യൂ ഡി എന്ന സ്ഥാപനം ഓഡിറ്റിംഗിനാണ് കൂടുതൽ മുൻഗണന നൽകുന്നത്. ശേഷം KMPG, Ernest and young, BDO International, Grand Thornton International, RSM International തുടങ്ങി നിരവധി കമ്പനികളിൽ തുടക്കക്കാർക്ക് കരിയർ കെട്ടിപ്പടുക്കാൻ നിരവധി സാധ്യതകളാണുള്ളത്.
രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കു വഹിക്കുന്നവരാണ് ചാർട്ടേർഡ് അക്കൗണ്ടന്റുമാർ. ഭാവി ഏറ്റവും ശോഭനമാക്കുന്ന തരത്തിലുള്ള ഒരു കരിയർ ഈ മേഖല സമ്മാനിക്കുന്നുണ്ട്. പ്ലസ് ടു വിന് ശേഷം കുട്ടികൾക്ക് സധൈര്യം തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു കോഴ്സാണ് ചാർട്ടേർഡ് അക്കൗണ്ടൻസി. അവരുടെ എല്ലാ സ്വപ്നങ്ങളും ചുരുങ്ങിയ ചിലവിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കുന്നത് കൊണ്ട് സാധ്യമാകും.